

തൃശൂര്‍: വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവില്‍ മധുരയില്‍ നിന്നു പിടികൂടി. ഭാര്യ ഒളിച്ചോടിയ വിഷമത്തില്‍ ഹൃദയാഘാതം വന്ന നവവരന്‍ ആശുപത്രിയിലാണ്.
കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണ് നാടുവിട്ടത്.
ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂരിലെത്തിയ ഇവര്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ കറങ്ങി. ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്‌സിയില്‍ കോട്ടയത്തെത്തിയ ഇവര്‍ ട്രെയിനില്‍ ചെന്നൈയില്‍ എത്തി. പിന്നീട് മധുരയിലെ ലോഡ്ജില്‍ മുറിയെടുത്ത് 2 ദിവസം താമസിച്ചു.
അതിനുശേഷം ട്രെയിനില്‍ പാലക്കാടെത്തിയ ഇവര്‍ രാത്രി തൃശൂരിലേക്ക് ടാക്‌സി വിളിച്ചെത്തി സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവച്ചു. പണം നല്‍കാതെ യുവതികള്‍ മുങ്ങിയതാണെന്ന് സംശയിച്ച മധുരയിലെ ലോഡ്ജുകാര്‍ ഇവര്‍ മുറിയെടുക്കാന്‍ തെളിവായി നല്‍കിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികള്‍ അവിടെയെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.
നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ പറയുന്നു. കൂട്ടുകാരി സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates