കേരളം എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല?; വിശദീകരണവുമായി വ്യവസായമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 01:50 PM  |  

Last Updated: 05th November 2021 01:50 PM  |   A+A-   |  

rajeev

മന്ത്രി പി രാജീവ് / ഫെയ്സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോൾ, ഡീസല്‍ വിലയില്‍ കുറവു വരുത്തിയതിന് പിന്നാലെ , കേരളവും എക്‌സൈസ് തീരുവയില്‍ കുറവു വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിപക്ഷം അടക്കം ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഇതിനിടെ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുന്നില്ല എന്നതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായമന്ത്രി പി രാജീവ്. 

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുന്നത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവര്‍ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവര്‍ കുറയ്ക്കുക എന്നതല്ല. സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിലും  കേന്ദ്ര നികുതി നിരക്ക് കുറച്ചാല്‍ മതി. മന്ത്രി വ്യക്തമാക്കുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം : 

നിങ്ങള്‍ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സര്‍ക്കാര്‍ കുറച്ചില്ലേ എന്ന് ചിലര്‍ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവര്‍ക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോള്‍ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവര്‍ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവര്‍ കുറയ്ക്കുക എന്നതല്ല. 
അപ്പോള്‍ ഉമ്മന്‍ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലര്‍ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വര്‍ദ്ധിപ്പിച്ച ഉമ്മന്‍ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാല്‍, ഒരു തവണ പോലും നികുതി വര്‍ദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. 
കേന്ദ്രം കുറയ്ക്കുമ്പോള്‍ മൊത്തം വിലയില്‍ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിലും  കേന്ദ്ര നികുതി നിരക്ക് കുറച്ചാല്‍ മതി. അതു തന്നെയാണ് നാടിന്റെ പൊതു ആവശ്യവും. കൂട്ടിയവര്‍ കൂട്ടിയത് മുഴുവന്‍ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം.