സൈക്കിളില്‍ എംഎല്‍എ നിയമസഭയിലെത്തി; ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം

സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി
വിൻസെന്റ് എംഎൽഎ സൈക്കിളിൽ നിയമസഭയിലേക്ക് എത്തുന്നു/ ടെലിവിഷൻ ചിത്രം
വിൻസെന്റ് എംഎൽഎ സൈക്കിളിൽ നിയമസഭയിലേക്ക് എത്തുന്നു/ ടെലിവിഷൻ ചിത്രം

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം വിന്‍സെന്റ് എംഎല്‍എ. ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലാണ് വിന്‍സെന്റ് നിയമസഭയിലെത്തിയത്. 

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരം ഇന്നു രാവിലെ 11 മുതല്‍ 11.15 വരെ നടക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയായിരിക്കും സമരം. ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി.

കൊച്ചിയിലെ ചക്രസ്തംഭന സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസ്സം ഉണ്ടാകില്ല. റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.

പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണം എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍ഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളില്‍ വില കുറച്ചു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്. 

ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വില കുറക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. വില കുറയ്ക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തത് രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com