കനത്ത മഴ; തിരുവനന്തപുരത്ത് മലയോര മേഖലകളിൽ യാത്രാ വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 04:25 PM  |  

Last Updated: 13th November 2021 04:25 PM  |   A+A-   |  

heavy rain

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് മലയോര മേഖലകളിലെ യാത്രകൾക്ക് വിലക്ക്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വിലക്ക് ബധകമാണ്.

ക്വാറി, മൈനിങ് പ്രവർത്തികളും നിരോധിച്ചിട്ടുണ്ട്. കലക്ടറാണ് വിലക്കേർപ്പെടുത്തി ഉത്തരവിട്ടത്. 

കനത്ത മഴയിൽ തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാതയിൽ മണ്ണിടിഞ്ഞതോടെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. രണ്ട് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. അനന്തപുരി, ഐലൻഡ് എക്‌സ്പ്രസുകളാണ് ഭാഗീകമായി റദ്ദാക്കിയത്. 

നാഗർകോവിൽ-കോട്ടയം പാസഞ്ചർ റദ്ദാക്കി. നാളത്തെ ചെന്നൈ എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ് റദ്ദാക്കി.  തിരുച്ചിറപ്പള്ളി ഇന്റർസിറ്റി പുറപ്പെടുക നാഗർകോവിലിൽ നിന്ന്. നാളത്തെ ചെന്നൈ എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ് റദ്ദാക്കി.  തിരുച്ചിറപ്പള്ളി ഇന്റർസിറ്റി പുറപ്പെടുക നാഗർകോവിലിൽ നിന്ന്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കഴിവതും വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കണം എന്നും തിരുവനന്തപുരം ജില്ലാ കളക്ടർ പറഞ്ഞു.ജില്ലയിൽ കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് സമീപത്തെ കടകളിൽ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു. വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ കനത്ത മഴയാണ്.

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞുതാണു. നെയ്യാറ്റിൻകര ടി.ബി ജംക്ഷനിൽ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.