കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിലെ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതികൾ തങ്ങിയ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. മൊഴി നൽകുന്നതിനായി ഇന്ന് രാവിലെ പത്ത് മണിയോടെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്.
ഡിവിആർ ഹാജരാക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുടമ റോയ് ടെക്നീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണ് ഹോട്ടലിലെ ഡി വി ആർ മാറ്റിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളിൽ ആണെന്നും കണ്ടെത്തി. അതേസമയം ദൃശ്യങ്ങൾ മാറ്റിയെങ്കിലും എൻ വി ആറിൻ്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എൻവിആറിലെ ദ്യശ്യങ്ങൾ മാത്രമാണ്.
അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഒരു പ്രമുഖൻ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മാള സ്വദേശിയാണ് ആ പ്രമുഖനെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖനെ രക്ഷിക്കാനായാണ് സിസി ടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അയാള്‍ സിനിമാനടനാണെന്നും അല്ല രാഷ്ട്രീയക്കാരനാണെന്നുമാണ് അഭ്യൂഹം. പാര്‍ട്ടിക്ക് പിന്നാലെ മോഡലുകള്‍ പോകാനിടയായ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു അറിവുണ്ടെന്നാണു പൊലീസിന് ലഭിക്കുന്ന വിവരം.
ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് വലിയ സഹായം ചെയ്യുന്നയാളാണ് ഇയാളെന്നും ഹോട്ടലില്‍ ഇയാള്‍ക്കായി ഒരുമുറി ഒഴിച്ചിട്ടിരുന്നതായും പൊലീസിന് ലഭിച്ച വിവരങ്ങളില്‍ ഉണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയാതായും വിവരമുണ്ട്. അപകടം നടന്ന രാത്രിയില്‍ യുവതികളുടെ കാര്‍ ഓടിച്ച അബ്ദുള്‍ റഹിമാനും മാള സ്വദേശിയാണ്.
കെട്ടിട നിര്‍മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും ഹോട്ടലുടമ റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഡിജിപിയുടെ ഇടപെടൽ.
യുവതികളുമായി തർക്കമുണ്ടായ ദുശ്യങ്ങളാണ് ഡി വി ആറിലുള്ളത്. തർക്കം നടക്കുമ്പോൾ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചു.കുണ്ടന്നൂരിൽ വെച്ച് ഷൈജുവാമായുള്ള തർക്കത്തിന് ശേഷമാണ് ഓവർ സ്പീഡിൽ ചേസിംഗ് നടക്കുന്നതെന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates