സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 09:16 PM  |  

Last Updated: 22nd November 2021 09:16 PM  |   A+A-   |  

sanjith_rss

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്

 

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു. ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതു കൊണ്ടാണ് പ്രതിയുടെ പേര് വെളിപ്പെടുത്താൻ സാധിക്കാത്തതെന്ന് എസ്പി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി.

സഞ്ജിത് കൊല്ലപ്പെട്ട് ഏട്ട് ദിവസമാകുമ്പോഴാണ് കേസിലെ നിർണായക അറസ്റ്റ്. ഇന്നലെ മുണ്ടക്കയത്തു നിന്ന് മൂന്ന് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈർ നാല് മാസം മുൻപാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്. 

സുബൈറിന് താമസിക്കാനായി എടുത്തു നൽകിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റു രണ്ട് പേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്ന് പേർക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. 

നവംബർ 15ന് രാവിലെ ഒമ്പതു മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ മമ്പറത്ത് ഒരുസംഘം ആളുകൾ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്.

കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പൊലീസ് വിശദീകരണം. കേസിൽ എട്ട് സംഘങ്ങളായാണ് അന്വേഷണം തുടരുന്നത്.