ദത്ത് വിവാദം; അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും, കോടതി തീരുമാനം നിര്‍ണായകം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 07:11 AM  |  

Last Updated: 24th November 2021 07:11 AM  |   A+A-   |  

anupama

ടെലിവിഷൻ ദൃശ്യം


തിരുവനന്തപുരം: ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയുടെ കുഞ്ഞിനായുള്ള പോരാട്ടം ഫലപ്രാപ്തിയിലേക്ക്. അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും എന്നാണ് സൂചന. കുട്ടി അനുപമയുടേതാണെന്ന റിപ്പോർട്ട് സിഡബ്ല്യൂസി ഇന്ന് കുടുംബ കോടതിയിൽ സമർപ്പിക്കും.

തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡിഎൻഎ പരിശോധന ഫലമടക്കമുള്ള റിപ്പോർട്ട് സമർപ്പിക്കുക. കോടതി അനുമതി ലഭിച്ചാൽ അധികൃതർ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും. കുട്ടിയെ വിട്ടുനൽകുന്നതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ ഷിജുഖാൻ പറഞ്ഞു

അനുപമയും അജിത്ത് നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ പരിശോധനയിൽ അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ് ഡി എൻ എ പരിശോധന നടത്തിയത്.ഡിഎൻഎ ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്ത് നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു.

അരമണിക്കൂറാ‌ണ് നിർമ്മലാ ശിശുഭവനിൽ രക്ഷിതാക്കൾ കുഞ്ഞിനൊപ്പം ചെലവിട്ടത്. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. സി ഡബ്ള്യൂസിക്ക് തന്നെ കുഞ്ഞിനെ അനുപമക്ക് കൈമാറാം. എന്നാൽ വലിയ നിയമക്കരുക്കായ കേസായതിനാൽ കോടതിയുടെ അനുമതിയോടെയാകും നടപടികൾക്രമങ്ങൾ.