എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു, എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു; മണിക്കൂറുകളോളം പരിഭ്രാന്തി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 06:06 PM  |  

Last Updated: 26th November 2021 06:06 PM  |   A+A-   |  

ELEPHANT GOES BERSERK

കൊട്ടാരക്കരയില്‍ ഇടഞ്ഞ ആന റോഡില്‍ നിലയുറപ്പിച്ചപ്പോള്‍

 

കൊല്ലം: വെട്ടിക്കവല ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നെടുമണ്‍കാവ് മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

കൊട്ടാരക്കര സദാനന്ദപുരത്ത് എം സി റോഡില്‍ കക്കാട്ടായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ ആന വെട്ടിക്കവല ഭാഗത്തുവച്ചാണ് ആദ്യം ഇടഞ്ഞത്. തുടര്‍ന്ന് അഞ്ചുകിലോമീറ്റര്‍ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ ആന നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. എം സി റോഡിന് തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്.  നാട്ടുകാരുടെ സംയോജിത ഇടപെടല്‍ വലിയൊരു അപകടം ഒഴിവാക്കി. നാട്ടുകാര്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ തടയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. 

സാധാരണ ശാന്ത സ്വഭാവക്കാരനായ മണികണ്ഠന്‍ വിരണ്ടോടാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. ക്ഷേത്രത്തോട് ചേര്‍ന്ന സ്ഥലത്താണ് ആനയെ തളച്ചിരുന്നത്. പെട്ടെന്ന് ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നു എന്നാണ് പാപ്പാന്‍ വനംവകുപ്പ് അധികൃതരോട് പറഞ്ഞത്.