കര്‍ണാടകയേയും മറികടന്ന് കേരളം, കോവിഡ് മരണങ്ങളില്‍ രാജ്യത്ത് രണ്ടാമത്; മുന്നില്‍ മഹാരാഷ്ട്ര മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 11:17 AM  |  

Last Updated: 26th November 2021 11:17 AM  |   A+A-   |  

covidbeds

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളെ മറികടന്ന് കേരളം. രാജ്യത്തു തന്നെ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാമതാണ് നിലവില്‍ കേരളം. മഹാരാഷ്ട്രയില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 38,737 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം കര്‍ണാടകയില്‍ ഇത് 38,185ഉം തമിഴ്‌നാട്ടില്‍ 36,415ഉം ആണ്. മഹാരാഷ്ട്രയില്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്- 1.41 ലക്ഷം. 

സമീപ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വളരെ കുറവു കോവിഡ് മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ 14ഉം മരണങ്ങളാണ് ബുധനാഴ്ച റിപ്പോര്‍്ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 308 ആണ്. ഇന്നലെ 384 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നേരത്തെ കോവിഡ് മരണങ്ങളില്‍ ചേര്‍ക്കാതിരുന്ന, പിന്നീട് കോവിഡ് മരണമായി കണക്കാക്കാന്‍ തീരുമാനിച്ചവ കൂടി ചേര്‍ത്താണ് ഇപ്പോള്‍ പ്രതിദിന കണക്ക് പുറത്തുവിടുന്നത്. ഇതാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കാര്യമായ കുറവു വരാത്തതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടു മുതല്‍ 9,598 മരണങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.