ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വരാനിരിക്കുന്നത് ചുഴലിക്കാറ്റ് സീസണ്‍ ?; ഈ മാസം പെയ്തത് 138 ശതമാനം അധികമഴ ; കിഴക്കന്‍ കാറ്റ് മറ്റന്നാളെത്തും ; വ്യാപകമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു


തിരുവനന്തപുരം : അറബിക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയ്ക്ക് ശമനമായി. എന്നാല്‍ കാലവര്‍ഷം സംസ്ഥാനത്ത് നിന്നും പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും. ഒക്ടോബര്‍ 23 വരെ ഈ മഴ തുടരും. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. 

തുലാമഴ ഈ മാസം അവസാനത്തോടെ ?

ഈ മാസം അവസാനത്തോടെ കാലവര്‍ഷം തുലാമഴയ്ക്കു വഴിമാറും. ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിനാല്‍ സംസ്ഥാനത്ത് 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

വരാനിരിക്കുന്നത് ചുഴലിക്കാറ്റ് സീസണ്‍

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലം ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. കിഴക്കന്‍ കാറ്റ് 20 ന് എത്തിയേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തികുറഞ്ഞ് , കര്‍ണാടകത്തിന്റെ തെക്കു മുതല്‍ തമിഴ്‌നാടിന്റെ തെക്കുവരെ നീളുന്ന ന്യൂനമര്‍ദ പാത്തിയായും മാറിയിട്ടുണ്ട്. 

മഴയില്‍ കുതിര്‍ന്ന് കേരളം, അധികമഴ

ഒക്ടോബര്‍ 1 മുതല്‍ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവര്‍ഷം തുടങ്ങുന്നതിന് മുമ്പേ തന്നെ, സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്. കാസര്‍കോട് ജില്ലയില്‍ 344 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കണ്ണൂരില്‍ 376 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റര്‍ മഴയും ഇതിനകം പെയ്തു. 

പത്തനംതിട്ട ജില്ലയില്‍ സീസണില്‍ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു. തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികമാണ് സംസ്ഥാനത്ത് ഇതിനോടകം പെയ്തുകഴിഞ്ഞത്. തുലാവര്‍ഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലും ഒരേസമയം ന്യൂനമര്‍ദ്ദം ഉണ്ടായതിനെത്തുടര്‍ന്നുള്ള തീവ്രമഴയാണ് കേരളത്തില്‍ കനത്ത നാശം വിതയ്ക്കാന്‍ കാരണമായതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com