ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളം

ഇടുക്കിയിലെ പൂർണ സംഭരണ ശേഷി 2403 അടിയാണ്.  ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും
ഇടുക്കി ഡാം/ഫയല്‍ ചിത്രം
ഇടുക്കി ഡാം/ഫയല്‍ ചിത്രം

കൊച്ചി; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്  2396.86 അടിയിലെത്തിയതോടെയാണ് ജാ​ഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇടുക്കി അണക്കെട്ടിലെ അധികജലം ഷട്ടർ തുറന്ന് ഒഴുക്കിവിടും. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. 

2398.86 അടിയിലെത്തിയാൽ ഡാം തുറക്കും

ഇടുക്കിയിലെ പൂർണ സംഭരണ ശേഷി 2403 അടിയാണ്.  ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക. ഓറഞ്ച് അലർട്ടും റെഡ് അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്.  മഴ ശക്തമായി തുടരുന്നതാണ് ഭീഷണിയാവുന്നത്. ഒരു മണിക്കൂറിൽ 1 MCM കണക്കിൽ ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഓരോ അലർട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകൾ അതത് മേഖലകളിലെ ജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തികഞ്ഞ ജാഗ്രതയോടെ രംഗത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

കക്കി ഡാം തുറക്കും 

പത്തനംതിട്ടയിൽ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളിൽ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ  ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com