ബലാത്സംഗ ഭീഷണി; തലയ്ക്കടിച്ചു, ശരീരത്തില്‍ കടന്നുപിടിച്ചു: എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 07:38 PM  |  

Last Updated: 21st October 2021 07:43 PM  |   A+A-   |  

sfi-aisf_clash

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കൊച്ചി: എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്. എസ്എഫ്‌ഐ എറണാകുളം ജില്ലാ നേതാക്കളായ ആര്‍ഷോ, അമല്‍, പ്രജിത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെയാണ് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പരാതി നല്‍കിയിരിക്കുന്നത്. 

കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ദേഹത്ത് കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രം വലിച്ചു കീറാനുള്ള ശ്രമം നടന്നു. തലയ്ക്കു പുറകിലും കഴുത്തിനു പുറകിലും അടിച്ചു. നടുവിന് ചവിട്ടിയെന്നും എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു. 

മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലിന് എതിരെ എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പിന് എത്തിയ എഐഎസ്എഫ് നേതാക്കളെ ക്യാമ്പസിനുള്ളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ എസ്എഫ്‌ഐ നേതാവ് കെ എം അരുണും തങ്ങളെ മര്‍ദിക്കാനുണ്ടായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു.