കുഞ്ഞിനെ തിരികെ വേണം, അമ്മ അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന്  നിരാഹാരം ഇരിക്കും

പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു
അനുപമയും അജിത്തും
അനുപമയും അജിത്തും

തിരുവനന്തപുരം; താന്‍ അറിയാതെ അനധികൃതമായി ദത്തുനല്‍കിയ കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ സമരത്തിന്. ഇന്ന് രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. 

വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്നും അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്നും അവര്‍ പറഞ്ഞു. 

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും തിരുമറി

അതിനിടെ, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ് നടന്നതായുള്ള തെളിവുകള്‍ പുറത്തുവന്നു. അച്ഛന്റെ പേര് നല്‍കിയിരിക്കുന്ന സ്ഥാനത്ത് നല്‍കിയത് യഥാര്‍ഥ പേരല്ല. മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റായാണ് നല്‍കിയിരുന്നത്. അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ തികച്ചും ആസൂത്രിതമായി ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജനന സര്‍ട്ടിഫിക്കറ്റിലെ തിരിമറി.  കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. അവിടെ നല്‍കിയ വിലാസമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്.

കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത് ജയകുമാര്‍ എന്നാണ്. അമ്മയുടെ സ്ഥാനത്ത് പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 
അതോടൊപ്പം മാതാപിതാക്കളുടെ മേല്‍വിലാസമായി രേഖപ്പെടുത്തിയത് തിരുവനന്തപുരത്തെ മറ്റൊരിടത്തെ മേല്‍വിലാസമാണ്. അജിത്തിന്റെയും അനുപമയുടെയും സ്ഥിരമായ മേല്‍വിലാസം പേരൂര്‍ക്കടയാണ്. കുഞ്ഞിന്റെ മേല്‍വിലാസം മറച്ചുവെക്കുന്നതിനായാണ് ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയത്. അനുപമയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ നേരത്തെ തന്നെ സമ്മതപത്രം നിര്‍ബന്ധിച്ച് ഒപ്പിടിപ്പിച്ച് വാങ്ങിച്ചിരുന്നു. അതിന് ശേഷം കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ നല്‍കി. അവിടെ നിന്ന് ദത്ത് നല്‍കിയെന്നാണ് പറയുന്നത്.

പ്രണയത്തിലായതു മുതൽ എതിർപ്പ്

അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന്  ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com