ആലപ്പുഴ: ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ച് വരവ് തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ചെറിയാൻ ഫിലിപ്പിന് കൂടുതൽ വിവരം ഉണ്ടാകും അതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹം പറഞ്ഞു.
പി വി അൻവറിന്റെ പരാമർശം നിയമസഭ രേഖയിൽ നിന്ന് നീക്കിയത് സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ല പൊലീസെന്നും വിഡി സതീശൻ കായംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
'കോൺഗ്രസിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്, സിപിഎമ്മിൽ അതില്ല'
നേരത്തെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിൽ ചേർന്നതായി ചെറിയാൻ ഫിലിപ്പ് അറിയിച്ചത്. 20 വർഷത്തിന് ശേഷം തറവാട്ടിൽ മടങ്ങിയെത്തിയെന്നാണ് ചെറിയാൻ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്.
തന്റെ വേരുകൾ കോൺഗ്രസിലാണ്. കോൺഗ്രസിൽ തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ സിപിഎമ്മിൽ അതില്ല. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാൽ പിന്നെ എകെജി സെന്ററിൽ കയറാനാകില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല കോൺഗ്രസിൽ ചേർന്നത്. അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് നല്ലതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തന്റെ അധ്വാനത്തിന്റെ ഫലം കോൺഗ്രസിലുണ്ട്. താൻ അന്ന് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നു. സ്ഥിരം പദവിയിലുള്ളവർ മാറണമെന്ന തന്റെ നിലപാട് കോൺഗ്രസ് ഇന്ന് ശരിവെച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞദിവസം കോൺഗ്രസിലേക്ക് ക്ഷണിച്ചു. തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates