കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയി; പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിച്ചു; ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 30th October 2021 07:18 PM |
Last Updated: 30th October 2021 07:18 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.
കായലിന് സമീപം എത്തിയത് അഞ്ച് വിദ്യാർത്ഥികൾ
അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഇവിടെയുള്ള കായലിന് സമീപത്ത് എത്തിയിരുന്നു. അതിനിടെയാണ് ദുരന്തം. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.