'എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു അയാള്‍ക്ക്, മാറിനില്‍ക്കാന്‍ പലവട്ടം പറഞ്ഞു'; ദുരനുഭവം വിവരിച്ച് ആരതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 10:57 AM |
Last Updated: 01st April 2022 10:57 AM | A+A A- |

ആരതി, ഫെയ്‌സ്ബുക്ക് വീഡിയോ സ്‌ക്രീന്‍ ഷോട്ട്
കണ്ണൂര്‍: ലൈംഗികാതിക്രമമോ, മറ്റു ഉപദ്രവങ്ങളോ നേരിടേണ്ടി വരുമ്പോള്‍ സ്വന്തം ശരീരം സംരക്ഷിക്കാന്‍ അവരവര്‍ തന്നെ ബാധ്യസ്ഥരാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ആരതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരും തന്നെ രക്ഷിക്കാന്‍ വരില്ലെന്നും ബസില്‍ വച്ച് തന്നെ ഉപദ്രവിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായ 21 കാരി പറയുന്നു. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ ആരതിയാണ് ബസില്‍ വച്ച് തനിക്ക് ഉണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്കിലൂടെ വിവരിച്ചത്.
കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയപ്പോഴാണ് ആരതിക്ക് ദുരനുഭവം ഉണ്ടായത്. 'എല്ലാ സീറ്റിലും ആളുകള്‍ ഇരിക്കുന്നതിനാല്‍ നിന്നാണ് യാത്ര ചെയ്തത്. അതിനിടെ എന്റെ അച്ഛനേക്കാള്‍ പ്രായമുള്ള ഒരാള്‍ എന്റെ മേല്‍ ചാരാന്‍ തുടങ്ങി. അയാളുടെ ഉദ്ദേശം മനസിലാക്കിയ ഞാന്‍ പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. അതിനിടെ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായി തോന്നി. ദേഷ്യം വന്ന ഞാന്‍ അയാള്‍ക്ക് നേരെ ഒച്ചവെയ്ക്കുകയും പിങ്ക് പൊലീസിനെ വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.'
'കാഞ്ഞങ്ങാട് എത്തിയപ്പോള്‍ കണ്ടക്ടര്‍ ഇടപെട്ട് അയാളോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രശ്‌നമാക്കേണ്ടതില്ലെന്ന് കണ്ടക്ടര്‍ എന്നോട് പറഞ്ഞു. എന്നാല്‍ അയാളെ വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ആദ്യമായല്ല, എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്.'
'അയാള്‍ ബസില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ഞാനും ബസില്‍ നിന്ന് ഇറങ്ങി. മൊബൈലിലെ ക്യാമറ ഓണ്‍ ചെയ്ത് അയാളെ പിന്തുടരാന്‍ തുടങ്ങി. ലോട്ടറി കടയില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ അയാളെ പിടികൂടി. ഒച്ചവെച്ച് ആളെ കൂട്ടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ തല്ലുമെന്ന് പറഞ്ഞു. ആളുകള്‍ കൂടി അയാളെ തടഞ്ഞുവെച്ചപ്പോള്‍ പിങ്ക് പൊലീസിനെ വിളിച്ച് അറിയിച്ചു.'
'അയാള്‍ക്കെതിരെ കേസ് കൊടുക്കരുതെന്ന് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. നിങ്ങളുടെ കുടുംബത്തിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെങ്കില്‍ ഈ രീതിയില്‍ തന്നെയാണോ പ്രതികരിക്കുക എന്ന് ചോദിച്ചു.'- അയാള്‍ പിന്മാറിയതായും ആരതി പറയുന്നു.
ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട് പീലികോട് പഞ്ചായത്തിലെ രാജീവാണ് ആരതിയെ ശല്യം ചെയ്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്ന് ബിഎസ് സി പഠനം പൂര്‍ത്തിയാക്കിയ ആരതിയാണ് തന്റെ ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത്.