ജെസ്‌നയുടെ തിരോധാനം; ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ; തുമ്പ് കണ്ടെത്താനാവാതെ കേന്ദ്ര ഏജന്‍സിയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 08:59 AM |
Last Updated: 01st April 2022 08:59 AM | A+A A- |

ഫയല്‍ ചിത്രം
കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്നയെ കാണാതായതിലെ അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിടുമ്പോഴാണ് സിബിഐ ലൂക്ക്ഔട്ട് നോട്ടീസ് പുറത്തുവിടുന്നത്.
പ്രാദേശികമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു ഹൈക്കോടതി കേസ് അന്വേഷണം സിബഐയെ ഏൽപ്പിച്ചത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റർപോളിന് യെല്ലോ നോട്ടീസ് നൽകിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.
ജെസ്നയെ കാണാതാവുന്നത് 2018 മാർച്ച് 22ന്
2018 മാർച്ച് 22 മുതലാണ് ജെസ്നയെ കാണാതാവുന്നത്. ജെസ്നയെ കണ്ടെത്താനാവാതെ വന്നതോടെ കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജെസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്.
എരുമേലി വരെ ജെസ്ന ബസ്സിൽ വന്നതിന് തെളിവ് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ജസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആണ് ആദ്യം അന്വേഷണം നടത്തിയത്. തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ ഉൾപ്പെടെ ഇന്ത്യയുടെ പല സ്ഥലങ്ങളിൽ ജസ്‍നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതോടെ ഇവിടങ്ങളിലും അന്വേഷണ സംഘം പോയി.
ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിക്കുകയും ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്യുകയും ചെയ്തു. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.