പത്തു വയസുകാരനെ ഡ്രൈവർ മർദിച്ചു, പ്രതിയുടെ അഡ്രസ് തെറ്റാതെ പറഞ്ഞാൽ കേസെടുക്കാമെന്ന് പൊലീസ്; 12 ദിവസത്തിന് ശേഷം അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 08:32 AM  |  

Last Updated: 01st April 2022 08:32 AM  |   A+A-   |  

driver arrested for beaten ten years old boy

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; വീട്ടിലെ ഓട്ടോ ഓടിക്കുന്ന ഡ്രൈവർ പത്ത് വയസുകാരനെ ക്രൂര മർദനത്തിന് ഇരയാക്കി. കഴിഞ്ഞ നാലു മാസത്തോളമായി കുട്ടി മർദനത്തിന് ഇരയാവുകയാണ്. സംഭവത്തിൽ വലിയവിള സ്വദേശിയായ ഡ്രൈവര്‍ വിപിനെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. പരാതി നൽകി 12 ദിവസങ്ങൾക്കു ശേഷമായിരുന്നു നടപടി. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി വീട്ടുകാർ രം​ഗത്തെത്തി. 

വട്ടിയൂര്‍ക്കാവ് സ്വദേശിയായ ബാലനാണ് മര്‍ദനത്തിന് ഇരയായത്. മാര്‍ച്ച് 18ന് വൈകീട്ട് അഞ്ചിന് വീട്ടില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി വാഹനത്തിന്റെ താക്കോല്‍ നല്‍കുന്നതിനിടെ കൈപിടിച്ച് ഞെരിക്കുകയും കാല്‍മടക്കി കുട്ടിയെ തറയില്‍ തള്ളിയിട്ട് മര്‍ദിക്കുകയുമായിരുന്നു. കൈയില്‍ തിരിക്കുകയും പുറംകാല്‍കൊണ്ട് ചവിട്ടുകയും ചെയ്തു. രാത്രി വേദന സഹിക്കാതെ കുട്ടി കരഞ്ഞതോടെ വീട്ടുകാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് ചതവുകള്‍ കണ്ടത്. തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷതങ്ങളുണ്ടെന്ന് കണ്ടെത്തി. 

കഴിഞ്ഞ നവംബര്‍ മുതലാണ് വിപിന്‍ ഇവരുടെ വീട്ടില്‍ ഡ്രൈവറായെത്തിയത്. അന്നുമുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കാറുണ്ട്. വീട്ടുകാരോട് പറഞ്ഞാല്‍ കൂടുതല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ കുട്ടി പേടിച്ച് ആരോടും പറഞ്ഞില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ 19നാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. പത്തു വയസ്സുള്ള കുട്ടി, പ്രതിയുടെ മേല്‍വിലാസം തെറ്റില്ലാതെ പറഞ്ഞാല്‍ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയൂവെന്നാണ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത്. പരാതി നല്‍കി പന്ത്രണ്ടു ദിവസം കഴിഞ്ഞാണ് പ്രതിയെ ചോദ്യംചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിടുകയായിരുന്നു. അതേസമയം കുട്ടിയുടെ മൊഴി അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.