ഗവര്‍ണര്‍ നിയമന രീതി മാറ്റണം; രാജ്യസഭയില്‍ സിപിഎമ്മിന്റെ സ്വകാര്യ ബില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 03:14 PM  |  

Last Updated: 01st April 2022 03:14 PM  |   A+A-   |  

sivadasan in rajyasabha

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് സിപിഎം. രാജ്യസഭയില്‍ സിപിഎം അംഗം ഡോ. വി ശിവദാസന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം.

ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. കേരളത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം.

മൂന്നു പ്രധാന നിര്‍ദേശങ്ങളാണ് ബില്‍ മുന്നോട്ടുവെക്കുന്നത്. ഒന്നാമത്തേതായി ഗവര്‍ണറെ എങ്ങനെ നിയമിക്കണം എന്നതാണ്. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ് കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഗവര്‍ണറെ നിയമിക്കുന്നത്.ഇതിന് പകരം എംഎല്‍എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണം. 

ഗവര്‍ണര്‍മാരുടെ കാലാവധി കൃത്യം അഞ്ചുവര്‍ഷമായി നിജപ്പെടുത്തണമെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. നിലവില്‍ കേന്ദ്രസര്‍ക്കാരാണ് ഗവര്‍ണര്‍മാരെ മാറ്റുന്നത്. ഇതിന് പകരം സംസ്ഥാന നിയമസഭകള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കുകയാണെങ്കില്‍, ഗവര്‍ണര്‍ പദവി വഹിക്കുന്ന വ്യക്തി സ്ഥാനം രാജിവെക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.

ഗവര്‍ണര്‍മാരെ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള സ്വകാര്യ ബില്‍ ഡിഎംകെയും അവതരിപ്പിച്ചു. ഡിഎംകെ എംപി പി വില്‍സണ്‍ ആണ് ബില്‍ അവതരിപ്പിച്ചത്. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നാണ് സ്വകാര്യ ബില്ലിലെ പ്രധാന ആവശ്യം. നീറ്റ് പരീക്ഷ, രാജിവ് ഗാന്ധി വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഡിഎംകെയുടെ ബില്ലിന് കാരണമായത്.