'പൾസർ സുനി പോയത് ചുവന്ന സ്വിഫ്റ്റിൽ'- ദിലീപിന്റെ കാർ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 07:06 PM  |  

Last Updated: 01st April 2022 07:06 PM  |   A+A-   |  

dileep1055003_(1)

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വധ ഗൂഢാലോചനക്കേസിലെ തെളിവെന്ന നിലയ്ക്കാണ് നടപടി.

2016 ഡിസംബര്‍ 26ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈം ബ്രാഞ്ച്. ആലുവ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ദിലീപിന്റെ സഹോദരൻ അനൂപും കാറിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. വീട്ടിൽ വച്ച് ദിലീപ്, പൾസർ സുനിക്ക് പണം കൈമാറിയിരുന്നതായും അവർ വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാന്‍ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ക്രൈം ബ്രാഞ്ച് കാര്‍ ദിലീപിന് കൈമാറി.

ആലുവയിലെ വീട്ടില്‍ നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവര്‍ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.