സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2022 04:53 PM |
Last Updated: 02nd April 2022 04:53 PM | A+A A- |

മൃതദേഹം കണ്ടിടത്ത് പൊലീസ് പരിശോധന നടത്തുന്നു, കൊല്ലപ്പെട്ട ബാബു
തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ചേർപ്പ് സ്വദേശി സുനിലിനെ ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി സാബുവിന്റെ സുഹൃത്താണ് സുനിൽ. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിനാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.
മുത്തുള്ളിയാൽ സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ കെജെ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല ചെയ്ത ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.
പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്. സംശയം തോന്നിയ നാട്ടുകാർ ചേർന്ന് മണ്ണ് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സാബു പൊലീസിന് മൊഴി നൽകിയത്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിന് അമ്മ പത്മിനിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബാബുവിനെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
നടന്നു പോകുമ്പോൾ ലോറിയിടിച്ച് റോഡിൽ വീണു; പിന്നാലെ കാർ കയറിയിറങ്ങി; കാൽനട യാത്രികന് ദാരുണാന്ത്യം