ലഭിച്ച 40 ലക്ഷം ധനസഹായം തീർന്നു, കൂടെ നിന്ന് ചിലർ പറ്റിച്ചു; ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 09:02 AM  |  

Last Updated: 03rd April 2022 09:02 AM  |   A+A-   |  

jishas_mother

ഫയല്‍ ചിത്രം

 

കൊച്ചി; ലഭിച്ച സാമ്പത്തിക സഹായം തീർന്നതോടെ ജീവിതം പ്രതിസന്ധിയിലായെന്ന പരാതിയുമായ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ലക്ഷങ്ങളുടെ ധനസഹായം തീർന്നതോടെ  ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. 

ഏഴ് വർഷം മുൻപാണ് പെരുമ്പാവൂർ സ്വദേശിയായ ജിഷ പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ കൊലചെയ്യപ്പെടുന്നത്. അതിന് പിന്നാലെ രാജേശ്വരിയെ സഹായിക്കാൻ സർക്കാരും പൊതുജനങ്ങളും രം​ഗത്തെത്തി. 2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ. ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ മാസം 5000 രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു. 

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ഒരുപാട് പണം രാജേശ്വരിക്ക് ചെലവാക്കേണ്ടിവന്നു. അതിനിടെ കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കിയെന്നുമാണ് രാജേശ്വരി പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളതിനാൽ അവരെയെല്ലാം സഹായിച്ചുവെന്നും രാജേശ്വരി പറയുന്നു. ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.

ഈ വാർത്ത കൂടി വായിക്കൂ... നടിയെ ആക്രമിച്ച കേസ്; ഗള്‍ഫിലുള്ള നടിയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം; കാവ്യാ മാധാവന്റെ വീട്ടിലെത്തി മൊഴിയെടുക്കും