കൊച്ചി: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ അജീഷിന്റെ വായ്പ കുടിശ്ശിക സിഐടിയുവിന്റെ കീഴിലുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അടച്ചുതീര്‍ത്തു. അര്‍ബന്‍ ബാങ്കില്‍ എംപ്ലോയീസ് യൂണിയനിലെ അംഗങ്ങളായ ജീവനക്കാര്‍ ചേര്‍ന്നാണ് കുടിശ്ശിക അടച്ചുതീര്‍ത്തത്. ഇക്കാര്യം ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞദിവസം കുട്ടികളെ പുറത്താക്കി അജീഷിന്റെ വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടി വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ, മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയായിരുന്നു. ഹൃദ്രോഗിയായ അജീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂട്ടിരിക്കാന്‍ ഭാര്യ ആശുപത്രിയില്‍ പോയ സമയത്ത് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അപ്രതീക്ഷിത നടപടിയല്ലെന്നാണ് ഗോപി കോട്ടമുറിക്കല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മാത്യു കുഴല്‍നാടന്‍ ക്രിയേറ്റ് ചെയ്ത സീന്‍ ആണെന്നും നിയമപ്രകാരം ജപ്തി ചെയ്തത് കുത്തിത്തുറക്കാന്‍ എംഎല്‍എയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു. ജപ്തി നടപടി മാറ്റിവച്ചു കൂടെ എന്ന് ചുറ്റിലുമുള്ള ആരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ സാവകാശം നല്‍കിയേനെ എന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. അതിനിടെ വായ്പാ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴൽനാടൻ ബാങ്കിന് കത്ത് നൽകി. കുടുംബം അടയ്ക്കാനുള്ള 1,75,000 രൂപ താന്‍ അടയ്ക്കാമെന്നാണ് മാത്യു കുഴൽനാടൻ കത്തിൽ വ്യക്തമാക്കിയത്.
ഒരു വാര്‍ത്ത കൂടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ