പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് സിപിഎം; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 10:30 AM  |  

Last Updated: 04th April 2022 10:30 AM  |   A+A-   |  

kv thomas

കെ വി തോമസ് / ഫയല്‍ ചിത്രം

 

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യമെന്ന കെ വി തോമസിന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ പറഞ്ഞു. 

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കെപിസിസിയുടെ വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന് കെ സുധാകരന്‍ എംപിയെ ക്ഷണിച്ചില്ലെന്ന ആക്ഷേപത്തിനും ജയരാജന്‍ മറുപടി നല്‍കി. വിളിച്ചാലും വരില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നാണ് വിശദീകരണം. 

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും, എഐസിസിയുടെ തീരുമാനപ്രകാരമാകും അന്തിമ തീരുമാനമെന്നും കെ വി തോമസ് പ്രതികരിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാര്‍ട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. ഒമ്പതാം തീയതി വരെ സമയമുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞശേഷം തീരുമാനമെടുക്കുമെന്നും കെ വി തോമസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

വി ഡി സതീശന്‍-ഐഎന്‍ടിയുസി പോര്: കെപിസിസി നേതൃത്വം ഇടപെടുന്നു