ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തള്ളാനേ കഴിയൂ. 24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി വെക്കുന്നത്. ഇത് ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെയാണെന്നും സുധാകരന്‍ പരിഹസിച്ചു.
രാഷ്ട്രീയത്തില്‍ മുന്നണിയും ബന്ധങ്ങളുമൊക്കെ ഉണ്ടാകുന്നത് പ്രവര്‍ത്തനപരിപാടിയുടെ പശ്ചാത്തലത്തിലാണ്. സിപിഎം ചൂണ്ടിക്കാട്ടുന്ന വിഷയങ്ങള്‍ അവരെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്നതാണ്. ബിജെപിക്കെതിരെ പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് ഇല്ലാതെ സാധിക്കില്ലെന്ന് മമത ബാനര്‍ജിയെയും സ്റ്റാലിനേയും ശരത് പവാറിനേയും പോലുള്ള ആളുകളുള്ള പാര്‍ട്ടിയുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഈ കൊച്ചു സംസ്ഥാനത്തു മാത്രം അവശേഷിക്കുന്ന യെച്ചൂരിയുടേയും എസ്ആര്‍പിയുടേയും പിണറായി വിജയന്റേയും പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധന സാമാന്യമര്യാദയ്ക്ക് നിരക്കാത്തതാണ്. സിപിഎം കേരളത്തില്‍ പറയുന്നത് കോണ്‍ഗ്രസ് മുക്ത കേരളമെന്നാണ്. ബിജെപി പറയുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ്. രണ്ടും ഒരു ലക്ഷ്യത്തോടെയുള്ള മുദ്രാവാക്യമാണെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ മാത്രം പച്ചത്തുരുത്തുള്ള സിപിഎമ്മാണ് കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെക്കുന്നത്.
ഗുണ്ടായിസം കൊണ്ടും പണത്തിന്റെ ഹുങ്കും കാട്ടിയാണ് സിപിഎം കേരളത്തില്‍ പിടിച്ചു നില്‍ക്കുന്നത്. ആ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയം തീരുമാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. കോടിയേരിയുടേയും എസ്ആര്‍പിയുടേയും അഭിപ്രായം സ്വീകരിച്ചുകൊണ്ട് മുന്നണിയുണ്ടാക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പൊതു പ്രതിപക്ഷ ഐക്യം പൊളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
കേരളത്തില്‍ സിപിഎം-ബിജെപി അന്തര്‍ധാര നിലനില്‍ക്കുന്നു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് സിപിഎം അവകാശപ്പെടുന്നു. എന്നാല്‍ ആ അക്കൗണ്ട് പൂട്ടിക്കല്‍ ധാരണ പ്രകാരമാണ്. നമ്മുടെ കാഴ്ചയ്ക്കപ്പുറത്ത് ആ ധാരണ ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്റെയൊക്കെ ബീജാവാപമാണ് കെ റെയില്‍ പദ്ധതിയൊക്കെ. ഒരു പഠനവും നടത്താതെ തന്നെ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മവിശ്വാസത്തിന്റെ കാരണം അതാണെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോകുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
നവ ഉദാരവല്‍ക്കരണത്തെയും വര്‍ഗീയതയെയും തള്ളിപറയാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ മാത്രമേ അവരുമായി സഖ്യത്തെപ്പറ്റി ആലോചിക്കാനാകൂ എന്നാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടത്. ബിജെപിക്കെതിരെ ആരുമായം സഖ്യത്തിന് തയ്യാറാണ്. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും എസ്ആര്‍പി അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപി വിരുദ്ധ പോരാട്ടത്തിന് സിപിഎമ്മില്ലെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെഡറല്‍ മുന്നണിക്ക് ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates