മുല്ലപ്പെരിയാർ: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം; ഉത്തരവ് വ്യാഴാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 12:16 PM  |  

Last Updated: 05th April 2022 12:16 PM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് സുപ്രീംകോടതി. സമിതി പുനഃസംഘടിപ്പിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഓരോ പ്രതിനിധികളെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു. ഇതില്‍ ഉത്തരവ് മറ്റന്നാള്‍ പുറപ്പെടുവിക്കും. 

അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷം കൂടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡാം സേഫ്റ്റി നിയമപ്രകാരമുള്ള അധികാരം സമിതിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളവും തമിഴ്‌നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തും.  ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും. 

മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. നിര്‍ദേശം പരസ്പരം ചര്‍ച്ച ചെയ്തു മിനിട്‌സ് കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

മേല്‍നോട്ട സമിതിയെ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന്  സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓഖ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ
 

തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു; കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത പരീക്ഷണം: സോണിയാഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ