തൃശൂർ: യുഡിഎഫ് കൗൺസിലർമാരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ തൃശൂർ മേയർക്കെതിരെ കേസ്. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിന് പകരം കലക്കവെള്ളം വിതരണം ചെയ്യുന്നു എന്ന് ആരോപിച്ച് സമരം ചെയ്യുന്നതിനിടെ, വാഹനം തടഞ്ഞവർക്ക് നേരെ കാറോടിച്ച് കയറ്റിയെന്ന കൗൺസിലർമാരുടെ പരാതിയിൽ മേയർ എംകെ വർഗീസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവർ ലോറൻസിനുമെതിരെയും കൊലപാതക ശ്രമത്തിന് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കുടിവെള്ളത്തിന് പകരം കലക്കവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധിച്ചത്. കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൗൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു.അതിനിടെയാണ് പ്രതിഷേധിച്ചവർക്ക് നേരെ മേയർ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്.
ചൊവ്വാഴ്ച മേയറുടെ ചേമ്പറിലും കൗൺസിൽ ഹാളിലുമായി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി.
ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തടയുന്ന കൗൺസിലർമാരെ വകവയ്ക്കാതെ ഡ്രൈവറോട് കാറ് മുന്നോട്ടെടുക്കാൻ മേയർ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.സംഭവത്തിന് പിന്നാലെ യുഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചിരുന്നു.
ഈ വാര്‍ത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
