'മമതയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎമ്മുകാര്‍ എത്തുന്നത് ബിജെപി ഓഫീസുകളില്‍'; കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 08:06 PM  |  

Last Updated: 06th April 2022 08:06 PM  |   A+A-   |  

k surendran

കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്ര മോദി സര്‍ക്കാറിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഓഫിസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യശത്രു ബിജെപിയാണെന്നാണ്. എന്നാല്‍, ബംഗാളിലെ അണികളെപ്പോലും സിപിഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകുന്നില്ല. മമത ബാനര്‍ജിയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ എത്തുന്നത് ബിജെപി ഓഫിസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ മുന്നേറ്റത്തിന് ബിജെപി മതധ്രുവീകരണം ഉപയോഗിക്കുകയാണ്. ഇതിനെ ചെറുക്കാന്‍ വിശാല മതേതര സഖ്യം ഉണ്ടാകണം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണമെന്നും യെച്ചൂരി പറഞ്ഞുകോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തല്‍ സാധ്യമാകൂ. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തില്‍ അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ചെറുക്കണം. ബിജെപിയുടെ നയങ്ങള്‍ക്ക് ബദല്‍ സോഷ്യലിസമാണെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ അവകാശങ്ങള്‍ അടക്കം ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കു പോലും കടന്നുകയറുന്നു. മോദിയുടെ ഏകാധിപത്യത്തില്‍ വര്‍ഗീയ കോര്‍പ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. കോവിഡ് മഹാമാരിയെ ബിജെപി സര്‍ക്കാര്‍ നേരിട്ടത് നാം കണ്ടതാണ്. നിരവധി ശവശരീരങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. അതേസമയം മഹാമാരിയില്‍ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്നതിന് കേരളം ലോകത്തിനു തന്നെ മാതൃകയായി. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങള്‍പോലും പരാജയപ്പെട്ടിടത്താണ് കേരളം മാതൃകയായത്.

യുെ്രെകനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് കാരണക്കാര്‍ അമേരിക്കയാണ്. നാറ്റോ വിപുലീകരിക്കാനുള്ള ശ്രമമാണ് യുദ്ധത്തിലേക്ക് നയിച്ചത്. നാറ്റോ വിപുലീകരണം സാമ്രാജ്യത്വ ഇടപെടല്‍ ലക്ഷ്യമിട്ടുകൊണ്ടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ. ക്വാഡ് സഖ്യത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണം. അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയായതുകൊണ്ട്, ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്തകൂടി വായിക്കാം 'രാഷ്ട്രീയ കൊല നടക്കുന്ന കേരളത്തിലെ അംഗം എതിര്‍ക്കുന്നത് എന്തിന്?'; രാജ്യസഭയില്‍ അമിത് ഷായും ബിനോയ് വിശ്വവും തമ്മില്‍ വാക്‌പ്പോര്, ക്രിമിനല്‍ നടപടി ബില്‍ പാസായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ