കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ 'പടയപ്പ', ചില്ല് പൊട്ടിച്ചു; മനസ്സാന്നിധ്യം കൈവിടാതെ ബസ് ഡ്രൈവര്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 09:00 PM  |  

Last Updated: 06th April 2022 09:00 PM  |   A+A-   |  

elephant

മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാട്ടുകൊമ്പന്‍

 

മൂന്നാര്‍: മൂന്നാറിലേക്ക് യാത്ര തിരിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പന്‍ സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍. ഉദുമല്‍പേട്ടമൂന്നാര്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ബസിനു നേരെയാണ് കാട്ടുകൊമ്പന്‍ 'പടയപ്പ' എത്തിയത്.  ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുന്‍വശത്തെ ഗ്ലാസില്‍ പൊട്ടലുണ്ടായെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ബസ് ഡ്രൈവര്‍ പ്രവര്‍ത്തിച്ചതിനാല്‍ ആശങ്ക ഒഴിഞ്ഞു.

വണ്ടിയുടെ മുന്‍വശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാര്‍ ഭയന്നെങ്കിലും ഡ്രൈവര്‍ ബാബുരാജ് മനസ്സാന്നിധ്യം കൈവിട്ടില്ല. തുമ്പിക്കൈ ഉയര്‍ത്തിയും മറ്റും ബസിനു മുന്നില്‍ അല്‍പനേരം തുടര്‍ന്ന ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുന്‍വശത്തെ ഗ്ലാസില്‍ പൊട്ടലുണ്ടായി. ആന വശത്തേക്കു മാറിയയുടന്‍ ബസുമായി ഡ്രൈവര്‍ മുന്നോട്ടു പോകുന്നതും മറ്റും യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോയില്‍ വ്യക്തമാണ്. സുപ്രിയം സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.


മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് 'പടയപ്പ'യെന്ന ഓമനപ്പേരില്‍ ഈ ആനയെ വിളിച്ചുതുടങ്ങിയത്. കാട്ടാനക്കൂട്ടങ്ങള്‍ ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന രീതിയാണ് 'പടയപ്പ'യ്ക്കുള്ളത്.

 

ലോക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദര്‍ശകനായ ഈ കാട്ടാന മാസങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയാറായില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ 'പടയപ്പ'യ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയില്‍ തമ്പടിച്ചതോടെ ആ ഭയവും ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലെ സമീപങ്ങളിലാണ് ഈ ആനയെ പൊതുവേ കാണാറുള്ളത്.

ഈ വാര്‍ത്ത വായിക്കാം

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ല; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ