പാര്‍ട്ടി കോണ്‍ഗ്രസിന് ആവേശോജ്ജ്വല തുടക്കം; എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2022 10:30 AM |
Last Updated: 06th April 2022 10:30 AM | A+A A- |

എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തുന്നു/ ഫെയ്‌സ്ബുക്ക്
കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. കണ്ണൂര്‍ ബര്‍ണശേരി ഇ കെ നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
വൈകിട്ട് നാലിന് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന് പൊതുചര്‍ച്ച തുടങ്ങും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഇന്നലെ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിലെ നടപടിക്രമങ്ങള്‍ അംഗീകരിച്ചിരുന്നു.
17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നാണ് കൂടുതല്‍പേര്‍. 178 പ്രതിനിധികള്‍. പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധി വീതവും പങ്കെടുക്കുന്നു.രണ്ടു നിരീക്ഷകരടക്കം 52 പേര്‍ തമിഴ്‌നാട്ടില്‍നിന്ന് പങ്കെടുക്കുന്നുണ്ട്. 13 പേരാണ് കര്‍ണാടകത്തില്‍നിന്ന് ഉള്ളത്.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കു കാര്യമായി വളര്‍ച്ച നേടാനായതു കേരളത്തില്‍മാത്രമാണെന്ന് സിപിഎം സംഘടനാറിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തകരുടേയും നേതാക്കളുടെയും ഇടയിലെ അഴിമതി, അഹംഭാവം, ഉദ്യോഗസ്ഥപ്രവണത തുടങ്ങിയ തെറ്റായ നടപടികള്‍ക്കെതിരേ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോ?; തീരുമാനം നാളെയെന്ന് കെ വി തോമസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.