എംഎല്‍എയുടെ പരാതി 'ഏറ്റു'; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 10:40 AM |
Last Updated: 07th April 2022 10:40 AM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് ആരോപിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ ഹോട്ടലില്‍ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലാണ് വില കുറച്ചത്. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു.
ചിത്തരഞ്ജന്‍ എംഎല്‍എയോട് അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കൂടി 184 രൂപയാണ് ഈടാക്കിയത്. ഇതേത്തുടര്‍ന്ന് അമിത വില ഈടാക്കിയെന്ന് കാണിച്ച് ചിത്തരഞ്ജന്‍ ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് പരാതി നല്‍കുകയായിരുന്നു. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം ഇല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കലക്ടര്‍ എംഎല്‍എയെ അറിയിച്ചിരുന്നു. കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎല്‍എ വിവരിച്ചത് ഇങ്ങനെയാണ്:
'ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്'.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ