'ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടും'; ഡയറിയില്‍ സഹപ്രവര്‍ത്തകരുടെ പേര്; 'സിന്ധു കരയുന്നത് കണ്ടവരുണ്ട്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 11:02 AM |
Last Updated: 07th April 2022 11:02 AM | A+A A- |

ആത്മഹത്യ ചെയ്ത സിന്ധു
മാനന്തവാടി: വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാനന്തവാടി ആര്‍ടി ഓഫിസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധുവിന്റെ ഡയറി കണ്ടെടുത്തു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍നിന്നു മാനസിക പീഡനമുണ്ടായെന്നു ഡയറിയില്‍ പറയുന്നുണ്ട്. ഓഫിസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് കുറിപ്പ്. സിന്ധുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് പരിശോധിക്കും. ഇന്നലെ രാവിലെയാണ് സിന്ധുവിനെ വീട്ടിലെ മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സിന്ധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ വിഷയം അന്വേഷിക്കും. കല്‍പ്പറ്റയിലെത്തി തെളിവെടുപ്പ് നടത്തും. മാനന്തവാടി സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടും.
സിന്ധുവിനെ ഓഫിസില്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് പറഞ്ഞു. നേരില്‍ കണ്ടവര്‍ ഇത് അറിയിച്ചിരുന്നു. സിന്ധു കരയുന്നത് കണ്ടവരുണ്ടെന്നും പ്രദീപ് പറഞ്ഞു.
അവിവാഹിതയായ സിന്ധു, സഹോദരന്റെ വീട്ടിലാണു താമസിച്ചിരുന്നത്. മുറിയില്‍ നിന്നു 2 ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നു. ഓഫിസിലെ ചില സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമുള്ള ആത്മഹത്യയാണെന്നു ബന്ധുക്കള്‍ പറഞ്ഞു.
കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതു കാരണം ചില മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നതായും ഒറ്റപ്പെടുത്തുന്നതായും സിന്ധു പല തവണ പറഞ്ഞതായി സഹോദരന്‍ നോബിള്‍ പറഞ്ഞു. 9 വര്‍ഷമായി മാനന്തവാടി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലാണു സിന്ധു ജോലി ചെയ്യുന്നത്.
ഓഫിസിലെ ചില പ്രശ്‌നങ്ങള്‍ സിന്ധു ഉള്‍പ്പെടെ 6 പേര്‍ കഴിഞ്ഞ ഞായറാഴ്ച ആര്‍ടിഒയെ നേരില്‍ കണ്ട് പറഞ്ഞിരുന്നു. മാനന്തവാടി ഓഫിസില്‍ സുഖമമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. സിന്ധു അടക്കമുള്ള ജീവനക്കാര്‍ ഓഫിസിലെ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും വയനാട് ആര്‍ടിഒ ഇ മോഹന്‍ദാസ് പറഞ്ഞു.
ഈ വാര്‍ത്തകൂടി വായിക്കാം
എംഎല്‍എയുടെ പരാതി 'ഏറ്റു'; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു