രണ്ട് എഡിജിപിമാരെ ഡിജിപിമാരാക്കാനുള്ള നീക്കത്തിന് തിരിച്ചടി; സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 12:19 PM |
Last Updated: 10th April 2022 12:19 PM | A+A A- |

ആനന്ദകൃഷ്ണന്‍, പത്മകുമാര്‍/ ഫയല്‍
തിരുവനന്തപുരം: രണ്ട് എ ഡി ജി പിമാര്‍ക്ക് ഡിജിപിമാരായ സ്ഥാനക്കയറ്റം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. എഡിജിപിമാരായ ആര്‍ ആനന്ദകൃഷ്ണന്‍, കെ പത്മകുമാര്‍ എന്നിവര്‍ക്ക് ഡിജിപിയായി പ്രമോഷന്‍ നല്‍കണമെന്ന ശുപാര്‍ശയാണ് തള്ളിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ വിരമിക്കല്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നീട്ടിയതോടെയാണ് സ്ഥാനക്കയറ്റത്തില്‍ പ്രതിസന്ധിയുണ്ടായത്.
സംസ്ഥാനത്ത് നാലു ഡിജിപി തസ്തികളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതിലൊന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടേതാണ്. ഈ പദവിയിലുള്ള അനില്‍കാന്ത് കഴിഞ്ഞ ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം ജൂലൈ 31വരെ സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ക്രമസമാധാനചുമതലയുള്ള ഡിജിപിയുടെ വിരമിക്കല്‍ സമയം നീട്ടി നല്‍കുന്നത്.
അനില്‍കാന്ത് ജനുവരി 31ന് വിമരിച്ചിരുന്നെങ്കില്‍ എക്‌സൈസ് കമ്മീഷണറായ ആനന്ദകൃഷ്ണന് ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ചേനെ. ഈ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടാണ് 1989 ബാച്ചിലെ എഡിജിപിമാരായ ആനന്ദകൃഷ്ണനും, പത്മകുമാറിനും പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കണമെന്നശുപാര്‍ശ പൊലീസ് മേധാവി സര്‍ക്കാരിന് നല്‍കിയത്.
പ്രത്യേക സാഹചര്യത്തില്‍ രണ്ടു ഡിജിപി തസ്തികള്‍ സൃഷ്ടിക്കാന്‍ അനുമതി തേടി കഴിഞ്ഞമാസം 10ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. എന്നാല്‍ കേന്ദ്രം ഈ ആവശ്യം നിഷേധിച്ചു. സെപ്തംബര്‍ മാസത്തില്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാര്‍ വിരമിക്കുമ്പോഴാണ് ഇനി ആനന്ദകൃഷ്ണന് സ്ഥാനക്കയറ്റം ലഭിക്കൂ. അടുത്തവര്‍ഷം മേയ് മാസത്തില്‍ ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ വിരമിക്കുമ്പോഴേ പത്മകുമാറിന് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. എന്നാല്‍ അധിക തസ്തിക സൃഷ്ടിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ