സിനിമയിൽ 'കയറിപ്പറ്റണം', വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് ബം​ഗളൂരുവിൽ നിന്ന് പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 08:28 AM  |  

Last Updated: 11th April 2022 08:28 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തൃശൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി പലരിൽ നിന്നും വാടകയ്ക്കു വാങ്ങിയ കാറുകൾ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവിൽ പോയയാളെ പിടികൂടി. മുരിയാട് ക്ലാവളപ്പിൽ വിശോഭി(36) നെയാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടിയത്.
 കല്ലുകുത്തി കടവത്ത് രാജ്കുമാറിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന് ധരിപ്പിച്ചാണ് രാജ്കുമാറിൽ നിന്ന് കാർ വാങ്ങിയത്. തുടർന്ന് കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലുള്ളവർക്ക് കാർ കൈമാറി. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാർ എത്തിക്കാത്തതിനെ തുടർന്ന് രാജ്കുമാർ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ചു.

രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിലുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം ബംഗളൂരുവിലെ വർക്‌ഷോപ്പിൽ നിന്ന് തന്ത്രപൂർവം പിടികൂടുകയായിരുന്നു. ഷൂട്ടിങ് സംഘത്തിനു സഹായങ്ങൾ ചെയ്ത് സിനിമയിലെത്താനായിരുന്നു ഇയാളുടെ ശ്രമം. സമാനമായ രീതിയിൽ നേരത്തെയും കാറുകൾ ഷൂട്ടിങ് സംഘത്തിനു ഇയാൾ നൽകിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

 ഈ വാര്‍ത്ത കൂടി വായിക്കാം

35 വര്‍ഷം പഴക്കം, ലക്ഷങ്ങളുടെ ചെമ്പു പാത്രം ഉരുട്ടി കൊണ്ടുപോയി; കഴുകി ഇട്ടിരുന്ന നാലു ഷര്‍ട്ടുകള്‍ കാണാനില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ