നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ശ്രമങ്ങൾക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ്; ദൗത്യം ഏകോപിപ്പിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2022 10:53 AM |
Last Updated: 15th April 2022 11:25 AM | A+A A- |

നിമിഷപ്രിയ
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും.
വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം സംഘത്തിലുണ്ടാകും. രണ്ടു സംഘങ്ങളാകും മോചനദൗത്യം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ദയാധനം നല്‍കി മോചനം സാധ്യമാക്കാനാണ് ശ്രമങ്ങള്‍ തുടരുന്നത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.
യമനിലെത്തി നിമിഷപ്രിയയെ കാണാന്‍ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാല്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനാവുമോയെന്ന് ആരായും. ഇതിനായി വേണ്ട സഹായങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന. എന്നാല്‍ നിമിഷപ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യ്ക്തമാക്കിയിരുന്നു.
ഹര്‍ജി ഹൈക്കോടതി തള്ളി
നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി.
നിമിഷപ്രിയയുടെ മോചനത്തിനായി നിയതന്ത്രതലത്തില്‍ നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
'ഒന്നും കഴിച്ചിട്ടില്ല', ആംബുലന്‍സ് നിര്‍ത്തിയാല്‍ സമയം നഷ്ടപ്പെടും; കുഞ്ഞിന് ബിസ്‌കറ്റുമായി കാത്തുനിന്ന് പൊലീസ്, മാതൃക
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ