എസ്ഡിപിഐ പ്രവര്‍ത്തകന്റെ വിലാപ യാത്ര തീരുംമുന്‍പ് കൊലപാതകം; നഗരത്തില്‍ വന്‍ സുരക്ഷ, എന്നിട്ടും വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 03:20 PM  |  

Last Updated: 16th April 2022 03:20 PM  |   A+A-   |  

sreenivasan-subair

കൊല്ലപ്പെട്ട ശ്രീനിവാസന്‍, സുബൈര്‍

 

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടുമുന്‍പ്. സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളാണ് പൊലീസ് പാലക്കാട് നഗത്തില്‍ ഒരുക്കിയിരുന്നത്. എന്നാല്‍, നാടിനെ ഞെട്ടിച്ച് പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് സുബൈറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചത്. ഏറാഞ്ചേരി ജുമാഅത്ത് പള്ളിയിലാണ് സുബൈറിന്റെ മൃതദേഹം ഖബറടക്കുന്നത്. എലപ്പുള്ളിയിലെ ഗ്രൗണ്ടില്‍ പൊതു ദര്‍ശനം നടത്തും. ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം കൂടി നടന്നതിന്റെ പശ്ചാത്തലത്തില്‍, പൊലീസ് കൂടുതല്‍ സേനയെ പാലക്കാട് രംഗത്തിറക്കിയിട്ടുണ്ട്. 

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു.

സംഭവം നടന്നത് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ്, ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ശ്രീനിവാസന് തലയ്ക്കും നെറ്റിയിലും ഉള്‍പ്പടെ സാരമായി പരുക്കേറ്റിരുന്നു. പാലക്കാട് എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുകയായിരുന്നു.വാള്‍ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്നുദൃക്സാക്ഷികള്‍ പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കൂ പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; കൂടുതല്‍ പൊലീസ് പാലക്കാട്ടേക്ക്, എല്ലാ ജില്ലകളിലും ജാഗ്രത

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ