ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍; ജില്ലയില്‍ കനത്ത സുരക്ഷ; 50 പേര്‍ കരുതല്‍ തടങ്കലില്‍

സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ നിന്നും 500 പൊലീസുകാരെ ജില്ലയില്‍ നിയോഗിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ എത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തോടെ രാഷ്ട്രീയ വൈരമുണ്ടായി. ശ്രീനിവാസനെ കൊലപ്പെടുത്തിയത് കണ്ടാല്‍ അറിയാവുന്ന ആറുപേരാണെന്നും പൊലീസിന്റെ എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. 

പാലക്കാട് 24 മണിക്കൂറിനിടെയുണ്ടായ രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ നിന്നും 500 പൊലീസുകാരെ ജില്ലയില്‍ നിയോഗിച്ചു. എറണാകുളത്തു നിന്നും ഒരു ബറ്റാലിയനുമെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ജില്ലയില്‍ ക്യാമ്പ് ചെയ്ത് സുരക്ഷ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. 

തുടര്‍ അക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരായ 50 ഓളം പേരെ കരുതല്‍ തടങ്കലിലാക്കി. 20-ാം തീയതി വൈകീട്ട് ആറു മണി വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയത് ജില്ലയില്‍ തന്നെയുള്ള സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ശ്രീനിവാസന്റെ കൊലപാതകം അന്വഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മൂന്ന് വാഹനങ്ങളിലായാണ് കൊലയാളി സംഘം വന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നു. സംഘം സഞ്ചരിച്ച ബൈക്കിൽ ഒരെണ്ണത്തിന്റെ ഉടമ സ്ത്രീയാണെന്ന് കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com