'മനുഷ്യ മനഃസാക്ഷിക്ക് നിരക്കാത്തത്; സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല'- മുഖ്യമന്ത്രി

വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ട കൊലപാതകത്തിൽ ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്റെ ഭാ​ഗത്തു നിന്നു ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് മുഖ്യന്ത്രിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണ രൂപം

മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിൻ്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ.

നാടിൻ്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.

കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും.

വർഗീയതയുടെയും സങ്കുചിതത്വത്തിൻ്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com