'രണ്ട് വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടിയതില്‍ സര്‍ക്കാരിന് എന്താണ് കാര്യം?'; മാധ്യമങ്ങള്‍ക്ക് എതിരെ കാനം രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 01:05 PM  |  

Last Updated: 18th April 2022 01:05 PM  |   A+A-   |  

kanam-orginal

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍


ആലപ്പുഴ: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എന്തിനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലക്കാട് രണ്ട് വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടി, അതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴയില്‍ എഐസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

'മാധ്യമങ്ങള്‍ സംസാരിക്കുന്നത് സര്‍ക്കാരിനും പൊലീസിനും എതിരെയാണ്. വര്‍ഗീയ സംഘടനകളെ ജനമധ്യത്തില്‍ ഒറ്റപ്പെടുത്തേണ്ട നിലപാടാണ് സ്വീകരിക്കേണ്ടത്. അത് നിങ്ങള്‍ സ്വീകരിക്കുന്നുണ്ടോ? നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്? രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെങ്കില്‍ ഇത്തരം ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും കഴിയണം. അതല്ലാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള ആയുധമാക്കി പ്രതിപക്ഷം ചെയ്യുന്നതുപോലെ ചെയ്യരുത്'- കാനം പറഞ്ഞു. 

'സംസ്ഥാനത്തെ പൊലീസ് ക്രമസമാധാന പാലനം കൃത്യമായി ചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യ ബോധ്യത്തോടെ പ്രശ്‌നത്തെ കാണണം. 
രാഷ്ട്രീയ കൊലപാതകം എന്നാണ് പറയുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് അതില്‍ ഇടപെട്ടിട്ടുള്ളത്? വര്‍ഗീയ കൊലപാതകം എന്ന് തുറന്നുപറയൂ' എന്നും കാനം പറഞ്ഞു.

നേരത്തെ, മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററും മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. പൊലീസും സര്‍ക്കാരും മാത്രം വിചാരിച്ചാല്‍ വര്‍ഗീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ല. വര്‍ഗീയ ശക്തികള്‍ അജണ്ടവെച്ച് പ്ലാന്‍ ചെയ്തതാണിത്. അവസാനിപ്പിക്കണമെങ്കില്‍ അവര്‍ തന്നെ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദപരമായ ജനകീയ അടിത്തറ രൂപപ്പെടുത്തണം. മാധ്യമങ്ങളും എല്ലാവരും യഥാര്‍ത്ഥത്തില്‍ ഇത്തരം നിലപാടുകളെ അതിശക്തിയായി എതിര്‍ക്കേണ്ടത്. എന്നാല്‍ കിട്ടുന്ന ചാന്‍സ് വെച്ച് ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും പൊലീസിനെയും അക്രമിക്കാനാണ് ശ്രമിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുക, കൊന്നവര്‍ തന്നെ ഗവണ്‍മെന്റിന്റെ കുഴപ്പം കൊണ്ടാണ് ഇത് നടക്കുന്നത് എന്ന് പറയുക. അതുതന്നെയാണ് മാധ്യമങ്ങളും ഫോക്കസ് ചെയ്യുന്നത്. ശരിയായ രീതിയില്‍ ഇടപെടണം. ഇതെല്ലാം വര്‍ഗീയ കലാപങ്ങളുണ്ടാക്കാനുള്ള പ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് ഉടന്‍, ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഒളിവില്‍; പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് വിജയ് സാക്കറെ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ