വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം, അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ദിലീപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 10:20 AM  |  

Last Updated: 19th April 2022 10:23 AM  |   A+A-   |  

dileep1055003_(1)

ദിലീപ് ചോദ്യം ചെയ്യാനായി ഹാജരാകുന്നു/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന്, പ്രതി ദിലീപ് ഹൈക്കോടതിയില്‍. വ്യാജ തെളിവ് ഉണ്ടാക്കാനാണ് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടുന്നതെന്ന് ദിലീപ് ആരോപിച്ചു. കൂടുതല്‍ സമയം തേടിയുള്ള പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ആരോപണം. 

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടിയാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിചാരണക്കോടതിയുടെ നിര്‍ദേശം. ഇന്നലെ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രതികളുടെ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നു വിധി 

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രോസിക്യൂഷന് ഏറെ നിര്‍ണായകമായ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി െ്രെകംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

അനൂപിനെയും സുരാജിനെയും ഇന്ന് ചോദ്യം ചെയ്യും; കോടതി രേഖകള്‍ ചോര്‍ന്നതില്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ