വിദേശത്തുള്ള പ്രമുഖ നടിയുമായുള്ള ദിലീപിന്റെ ചാറ്റുകളും വീണ്ടെടുത്തു?; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

നശിപ്പിച്ചു കളയണമെന്ന് അഭിഭാഷകര്‍ നിര്‍ദേശിച്ചുവെന്ന് കരുതുന്ന 10 ഡിജിറ്റല്‍ ഫയലുകള്‍ സായ്ശങ്കര്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി
ദിലീപ് / ഫയല്‍
ദിലീപ് / ഫയല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും. മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചു കളയണമെന്ന് അഭിഭാഷകര്‍ നിര്‍ദേശിച്ചുവെന്ന് കരുതുന്ന 10 ഡിജിറ്റല്‍ ഫയലുകള്‍ സായ്ശങ്കര്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. 

10 ഡിജിറ്റല്‍ ഫയലുകള്‍ സായ്ശങ്കര്‍ വീണ്ടെടുത്തു 

സൈബര്‍ ഫൊറന്‍സിക് വിഭാഗം ശ്രമിച്ചിട്ടും വീണ്ടെടുക്കാന്‍ കഴിയാതിരുന്ന ഫയലുകളാണ്, അവ മായ്ച്ചു കളഞ്ഞ സായ്ശങ്കര്‍ തന്നെ വീണ്ടെടുത്തത് നല്‍കിയത്. അന്വേഷണ സംഘവുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നടന്‍ ദിലീപിന്റെ ചാറ്റ് വീണ്ടെടുത്ത ഫയലുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. ചാറ്റുകളിലൊന്ന് ദിലീപും ഫൊറന്‍സിക് ഉദ്യോഗസ്ഥയും തമ്മിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വിദേശ നമ്പറുകളുമായുള്ള നടന്‍ ദിലീപിന്റെ ചാറ്റുകളാണ് വീണ്ടെടുത്തതിലേറെയും. നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന. ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായില്‍ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി, വിദേശത്തുള്ള പ്രമുഖ മലയാള നടി, കാവ്യാ മാധവന്‍, സഹോദരി ഭര്‍ത്താവ് സുരാജ് തുടങ്ങിയവ വീണ്ടെടുത്തവയിലുണ്ടെന്നാണ് സൂചന.

അനൂപിന്റെ  ഓഡിയോ ക്ലിപ്പ് പുറത്ത്

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ എങ്ങനെയുള്ള മൊഴികള്‍ നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞു കൊടുക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇതില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പറ്റിയും പരാമര്‍ശമുണ്ട്. 

'ഡാന്‍സ് പ്രോഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായി'

ദിലീപിന് ശത്രുക്കള്‍ ഉണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നു. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം. നൃത്തപരിപാടികളുടെ പേരില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഗുരുവായൂരില്‍ നടന്ന ഡാന്‍സ് പ്രോഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്ന് പറയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.

'മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം'

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം. ഇക്കാര്യം ചേട്ടനോട് പറഞ്ഞപ്പോള്‍, നോക്കാം എന്ന് ചേട്ടന്‍ പറഞ്ഞു എന്ന് കോടതിയില്‍ മൊഴി നല്‍കണം.  ദിലീപ് കഴിഞ്ഞ പത്തുവര്‍ഷമായി മദ്യപിക്കാറില്ലെന്നും പറയണം. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്ന് കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നുണ്ട്. 

'ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാല്‍ മതി'

സംഭവം നടന്ന ദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു. ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്നും പറയണം. കൂടുതലായി ഇനി എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാല്‍ മതിയെന്നും ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com