കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനല്ല; നിലപാട് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 11:03 AM  |  

Last Updated: 23rd April 2022 11:03 AM  |   A+A-   |  

antony raju

ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍

 

പത്തനംതിട്ട: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാക്കാലത്തും ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സാമ്പത്തിക സഹായം നല്‍കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്. സാമ്പത്തികമായ ഞെരുക്കം എല്ലാ മേഖലകളിലുമുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ചെലവും വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തീയതി ശമ്പളം ഉറപ്പാക്കാനാവില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് താനല്ലല്ലോ പറയേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു. ഇക്കാര്യം മാനേജ്‌മെന്റിനാണ്. മാനേജ്‌മെന്റ് അങ്ങനെ പറഞ്ഞിട്ടുണ്ടോ ശമ്പളം കൊടുക്കാന്‍ കഴിയില്ലാന്ന്. ശമ്പളം കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടത് അതത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. വരുമാനവും ചെലവുമെല്ലാം നിര്‍വഹിക്കേണ്ടത് അവരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതുപോലെ, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്ന് തെറ്റായ ധാരണ പരത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. 

കെഎസ്ആര്‍ടിസി ഒരു ഡിപ്പാര്‍ട്ട്‌മെന്റല്ല, ഒരു പൊതുമേഖലാ സ്ഥാപനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷിനുകള്‍ പൊട്ടിത്തെറിക്കുന്നു എന്ന പ്രചരണത്തിന് പിന്നില്‍ ദുഷ്ടലാക്കാണ്. ആയിരക്കണക്കിന് മെഷീനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒന്നോ രണ്ടോ എണ്ണം കേടാകുന്നത് സ്വാഭാവികമാണ്. കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പരിചയസമ്പന്നരല്ല ഡ്രൈവര്‍മാരെന്ന ആക്ഷേപവും മന്ത്രി തള്ളിക്കളഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ അടക്കം ബാംഗ്ലൂര്‍ റൂട്ടില്‍ ഓടിച്ചു പരിചയമുള്ളവരാണ്. 

ഇവര്‍ക്ക് വോള്‍വോ ട്രെയിനിങ്ങ് കൊടുത്തതാണ്. ഇവര്‍ക്ക് പരിചയസമ്പത്ത് ഇല്ലെങ്കില്‍ എങ്ങനെയാണ് വാഹനങ്ങള്‍ ബാംഗ്ലൂര്‍ വരെ പോയി മടങ്ങിയെത്തിയത്. ഒന്നോ രണ്ടോ ചെറിയ ഉരസലുകളെയാണ് ഇത്തരത്തില്‍ പര്‍വതീകരിക്കുന്നത്. ജാഗ്രതക്കുറവു കൊണ്ടോ അശ്രദ്ധ മൂലമോ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ഇത്തരത്തില്‍ പ്രചാരം തന്നതിന് മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ മന്ത്രി ആന്റണി രാജുവിനെ അനുകൂലിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തു വന്നു. മന്ത്രി പറഞ്ഞതിനപ്പുറം താന്‍ പറയേണ്ടതില്ല. കൂട്ടുത്തരവാദിത്തം പരിഗണിച്ചാണ് മന്ത്രി പറഞ്ഞത്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പിലെ സ്ഥിതി നോക്കിയിട്ടാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞത്. ടോള്‍പ്ലാസയില്‍പ്പോലും കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതിയുടെ മൊബൈല്‍ഫോണും സ്‌കൂട്ടറും കണ്ടെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ