രഹസ്യരേഖകള്‍ ചോര്‍ന്നിട്ടില്ല; പൊലീസ് അന്വേഷണം എന്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍?; വിമര്‍ശനവുമായി വിചാരണ കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 12:58 PM  |  

Last Updated: 26th April 2022 01:08 PM  |   A+A-   |  

dileep

ദിലീപ്/ ഫയൽ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് വിചാരണ കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 

എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്?. കോടതിയുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖകള്‍ കണ്ടെത്തിയ കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഈ രേഖകള്‍ ചോര്‍ന്നതില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്. 

ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷനോട് കോടതി വിമര്‍ശനം ഉന്നയിച്ചത്. കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നല്‍കി. അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.  എ ഡയറി സര്‍ട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകര്‍ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്. അത് ഒരു രഹസ്യ രേഖയല്ല എന്നും വിചാരണ കോടതി വ്യക്തമാക്കി. 

കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടു വെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

ഈ വാർത്ത വായിക്കാം

പമ്പ മണല്‍ വാരല്‍: വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ