പമ്പ മണല്‍ വാരല്‍: വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 12:28 PM  |  

Last Updated: 26th April 2022 12:33 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. 

പമ്പ മണല്‍ വാരലില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്. ചെന്നിത്തലയുടെ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

മണല്‍ വാരല്‍ വിഷയത്തില്‍ പരാതിയുമായി  രമേശ് ചെന്നിത്തല നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരാതി തള്ളി. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം തിരുവനന്തപുരം കോടതിയെ സമീപിച്ചത്. കോടതി വിധിയെ വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. 

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കാം. എന്തുകൊണ്ട് അത്തരമൊരു നടപടി ഉണ്ടായില്ലെന്നും കോടതി ചോദിച്ചു. 

ഹൈക്കോടതി വിധി സാങ്കേതികപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപരമായി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിയമോപദേശം തേടുമെന്നും ചെന്നിത്തല പറഞ്ഞു. പമ്പ മണല്‍ വാരലില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

ഈ വാർത്ത വായിക്കാം

സമരത്തിന് സ്ഥലമുടമകളെ കിട്ടുന്നില്ല; നടക്കുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം : എം വി ജയരാജന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ