സമരത്തിന് സ്ഥലമുടമകളെ കിട്ടുന്നില്ല; നടക്കുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം : എം വി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 11:59 AM  |  

Last Updated: 26th April 2022 11:59 AM  |   A+A-   |  

mv jayarajan

ഫയല്‍ ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നടാൽ, എടക്കാട് ഭാ​ഗത്ത് ശാന്തമായ സർവേയാണ് നടന്നത്. കോൺ​ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും പോയത്. ആരെയും തല്ലിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. 

കണ്ണൂര്‍ നടാലില്‍ സംഘര്‍ഷമുണ്ടാക്കിയ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ക്കിതില്‍ പങ്കില്ലെന്ന് മനസ്സിലായപ്പോള്‍ കേസെടുക്കാതെ പൊലീസ് അവരെ വിട്ടയച്ചു എന്ന് ജയരാജന്‍ വിശദീകരിച്ചു. ഭൂവുടമകളില്ലാത്തതും ജനപിന്തുണയില്ലാത്തതുമായ സമരമാണ് പ്രതിഷേധക്കാരുടേത്. 

കെ റെയില്‍ വിരുദ്ധ സമരം മൊബൈല്‍ സമരമാണെന്നും ജയരാജന്‍ പറഞ്ഞു. ഉദ്യോഗസ്ഥനെ വധിക്കുമെന്ന് പ്രതിഷേധക്കാര്‍ ആക്രോശം മുഴക്കിയിരുന്നു. കണ്ണൂര്‍ നടാല്‍ എടക്കാട് ഭാഗത്ത് സര്‍വേ നടത്തിയ സ്ഥലത്ത് ആരുടെയും വീട് നഷ്ടപ്പെടുന്നില്ല. പ്രതിഷേധക്കാര്‍ പിഴുതു മാറ്റിയ കല്ല് അവിടെ ഭൂവുടമ തന്നെ പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്നും എം വി ജയരാജന്‍ പറഞ്ഞു. 

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരത്തിന് സ്ഥലമുടമകളെ കിട്ടുന്നില്ല. അതിനാല്‍ മൊബൈല്‍ സമരക്കാര്‍ പോയി അക്രമങ്ങള്‍ നടത്തുകയാണ്. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പോലെ, കെ റെയില്‍ വിരുദ്ധ അക്രമിസംഘമാണ് നാട്ടില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ സമരം നടത്തുന്നത്. 

കണ്ണൂര്‍ നടാലില്‍ ശാന്തമായ സര്‍വേയാണ് നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും എം വി ജയരാജന്‍ ആരോപിച്ചു. അതിനിടെ കണ്ണൂര്‍ ജില്ലയില്‍ ഇന്നത്തെ കല്ലിടല്‍ ഒഴിവാക്കി കെ റയില്‍. സാങ്കേതികപ്രശ്‌നത്തെ തുടര്‍ന്നാണ് തീരുമാനമെന്നും, സര്‍വേ നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം

തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്: കോടിയേരി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ