റോഡിലൂടെ നടന്നു പോകുമ്പോൾ ഹോട്ടലിന്റെ സീലിങ് അടർന്ന് തലയിൽ വീണു; ആറ് വയസുകാരന് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 09:14 AM |
Last Updated: 28th April 2022 09:14 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: അമ്മയ്ക്കും സഹോദരനുമൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയുടെ തലയിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു സീലിങ് അടർന്നു വീണു മുറിവേറ്റു. അങ്കമാലിയിലാണ് സംഭവം. ഹിൽ സ്പാർക്ക് ബാർ ഹോട്ടലിന്റെ സീലിങ് അടർന്നു വീണ് പീച്ചാനിക്കാട് പാലിക്കുടത്ത് ബേബിയുടെ മകൻ ബിനിൽ ഏലിയാസ് ബേബി (6) യുടെ തലയ്ക്കാണ് പരിക്കേറ്റത്.
കുട്ടിയെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം റോഡ് കുറുകെ കടക്കവെയാണ് അപകടം. അമ്മ നിൽജിയും മക്കളായ നിബിലും ബിനിലുമൊത്ത് മറ്റൂരിലെ അമ്മ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
സീലിങ് അടർന്നു വീണ് നിൽജിയും ബിനിലും റോഡിൽ വീണു. തലപൊട്ടി രക്തം ഒഴുകിയ ബിനിലിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആഴത്തിൽ മുറിവേറ്റ കുട്ടിയുടെ തലയുടെ ഇടതു ഭാഗത്ത് 10 തുന്നലുകളുണ്ട്. കൂടെയുണ്ടായിരുന്ന നിബിലിന്റെ കൈയ്ക്കു പരിക്കുണ്ട്.
അടർന്നു വീണ സീലിങിന്റെ ബാക്കി ഭാഗങ്ങളും ഏതുനിമിഷവും താഴേക്കു പതിക്കാവുന്ന നിലയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ