'കുറ്റികള്‍ പിഴുതെറിയാന്‍ സിപിഐക്കാരും; ആദ്യം സ്വന്തം പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തൂ': കാനത്തിന് എതിരെ സതീശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 02:50 PM |
Last Updated: 30th April 2022 02:50 PM | A+A A- |

വിഡി സതീശന്‍ / ഫയല്‍
തിരുവനന്തപുരം: കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ ലൈന്‍ കുറ്റികള്‍ പിഴുതെറിയാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹം അവരെ ആദ്യം ബോധ്യപ്പെടുത്തട്ടേ എന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് എതിരെ കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ജനം അണിനിരന്ന് കെ റെയില്‍ കല്ല് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. സമരക്കാര്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെയും സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പൊലീസ് ആണ് കേരളത്തിലുള്ളത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ വരുന്നവരെ നിയന്ത്രിക്കുക എന്നത് പൊലീസിന്റെ ചുമതലയാണ്. അതിന് ചവിട്ടുകയും കാലു തല്ലിയൊടിക്കുകയുമൊന്നും വേണ്ട. അല്ലാതെ തന്നെ ചെയ്യാന്‍ കഴിയും. പക്ഷെ അവരെ ആശ്ലേഷിച്ച് ചുംബിച്ച പൊലീസ് ഏതെങ്കിലും കാലത്ത് ഉണ്ടായിരുന്നോ എന്നും കാനം ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഫലമായി വിപണിവിലയുടെ എത്രയോ ഇരട്ടി നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.
സിപിഐയുടെ തന്നെ പത്തോളം ഓഫീസുകളാണ് ദേശീയപാതയുടെ വീതി കൂട്ടിയതു മൂലം നഷ്ടമായത്. പഴയതിനേക്കാള്‍ നല്ല ഓഫീസുകള്‍ പണിയാനുള്ള നഷ്ടപരിഹാരമാണ് ലഭിച്ചത്. അവിടെയെല്ലാം ഇപ്പോള്‍ പുതിയ ഓഫീസുകള്‍ പണിയുകയാണ്. സില്‍വര്‍ ലൈനിനെ സംബന്ധിച്ചിടത്തോളം അതിന്റെ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്.
നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ സാമൂഹികാഘാതപഠനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രാവശ്യം പബ്ലിക് ഹിയറിങിന് സാധ്യതയുണ്ട്. ഭൂമി ഉടമകള്‍ക്ക് പരാതി പറയാന്‍ അവസരമുണ്ട്. രണ്ടു വര്‍ഷമാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്നെ ഇതു തകര്‍ക്കണമെന്നു ലക്ഷ്യമിട്ടുള്ള സമരത്തെ എതിര്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം ഡിവൈഎഫ്‌ഐക്ക് പുതുനേതൃത്വം; വി വസീഫ് പ്രസിഡന്റ്; സനോജ് സെക്രട്ടറി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ