'പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍...'; അവധി പ്രഖ്യാപനം വൈകിയതില്‍ രൂക്ഷവിമര്‍ശനം; സ്‌കൂളിലെത്തിയവരെ തിരിച്ചയക്കേണ്ടെന്ന് കലക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 09:30 AM  |  

Last Updated: 04th August 2022 10:05 AM  |   A+A-   |  

renu_raj

കലക്ടര്‍ രേണുരാജ്‌/ഫയൽ

 

കൊച്ചി: ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷം. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. 

ജില്ലാ കലക്ടറുടെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു..7 മണി മുതല്‍ സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്ന കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. മാത്രമല്ല മക്കളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട്. ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു. 

പ്രിയകളക്ടര്‍, രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റാകുമെങ്കില്‍ ക്ഷമിക്കുക എന്നാണ് മറ്റൊരു കമന്റ്. പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍.. നനഞ്ഞ് ചീഞ്ഞ് സ്‌കൂളില്‍ എത്തിയ പിള്ളേരെ ഇനി... എന്നൊരാള്‍ അഭിപ്രായപ്പെട്ടു. 

ഭാവന്‍സ് സ്‌കൂളിലാണ് എന്റെ മകള്‍ പഠിക്കുന്നത്... LKG..അവിടെ സമയം 8.15 നാണ് ക്ലാസ്സ് തുടങ്ങുക..വീട്ടില്‍ നിന്നും ഏകദേശം 15 20 മിനിറ്റ് എടുക്കും കുഞ്ഞ് ന്റെ സ്‌കൂളിലേക്ക്... Private വെഹിക്കിള്‍ ലാണ് കുഞ്ഞിനെ വിടുന്നത്.. അവര്‍ വരുന്ന സമയം 7നും 7.15 നും ഇടയിലാണ്...
ഈ സാഹചര്യത്തില്‍ ഈ കാറ്റും മഴയും കൊണ്ടാണ് അവള്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ടാവുക...
അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്... ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ....
ഇന്നലെ രാത്രി മുഴവന്‍ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നല്‍കാന്‍ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ...
ഞാന്‍ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കള്‍ എപ്പോള്‍ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല...
കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കള്‍ ഇന്നത്തെ ദിവസം എങ്ങനെ manage ചെയ്യും എന്നത് കൂടി പരിഗണിക്കാന്‍
ശ്രദ്ധിക്കുമല്ലോ... എന്ന് സിന്‍സി അനില്‍ എന്ന വീട്ടമ്മ കുറിച്ചു. 

അതിനിടെ സ്‌കൂളിലെത്തിയ കുട്ടികളെ തിരിച്ചയക്കേണ്ടതില്ലെന്ന് ഫെയ്‌സ്ബുക്ക് പേജിലിട്ട പുതിയ കുറിപ്പിലൂടെ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു എന്നാണ് കലക്ടറുടെ പുതിയ അറിയിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കനത്തമഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ