തീവ്ര മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു, നാലിടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയർന്നുതന്നെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 10:47 AM  |  

Last Updated: 06th August 2022 10:47 AM  |   A+A-   |  

mullaperiyar

മുല്ലപ്പെരിയാർ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അതി തീവ്ര, തീവ്രമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇന്നു രാവിലെ 10 മണിയുടെ പുതിയ അറിയിപ്പ് പ്രകാരം നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി  അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 2382.53 അടിക്ക് മുകളിലെത്തി. പരമാവധി സംഭരണശേഷി 2408.50 അടിയാണ്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് 138.10 അടിയിലെത്തി. 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് ഉയരുകയാണ്. ഭവാനിപ്പുഴയിലും ജലവിതാനം ഉയരുന്നത് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

പ്രത്യേക നിർദ്ദേശങ്ങൾ

എറണാകുളം-തൃശ്ശൂർ ജില്ലകളുടെ താഴ്ന്ന തീരദേശ പ്രദേശങ്ങളിൽ ഇപ്പോൾ കാണുന്ന വെള്ളക്കെട്ട് രാത്രിയോടെ വേലിയിറക്ക സമയങ്ങളിൽ കുറയാൻ സാധ്യതയുണ്ട്. രാത്രി  11.30 യോടുകൂടിയുള്ള  വേലിയിറക്കം കടലിലേക്കുള്ള നീരൊഴുക്ക് വേഗത്തിൽ ആക്കുന്നതാണ്. എന്നാൽ ശക്തമായ ഉയർന്ന തിരമാലകളുടെ സാന്നിധ്യം ചെറിയ തടസ്സങ്ങൾ  സൃഷ്ടിച്ചേക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ