ഹീറോ ആകണം, ഗുണ്ടാസംഘങ്ങളുടെ ശ്രദ്ധയാകർഷിക്കണം; മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും; പ്രതിയുടെ 'വിനോദം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2022 08:33 AM  |  

Last Updated: 08th August 2022 08:33 AM  |   A+A-   |  

arrest_rahul

പിടിയിലായ രാഹുൽ

 

കൊല്ലം; യുവാവിനെ മർദിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേസിൽ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ രാഹുലാണ് പിടിയിലായത്. ഫെയ്സ്ബുക് ഗ്രൂപ്പിലെ തർക്കത്തെത്തുടർന്ന് ആലപ്പുഴ വള്ളികുന്നം സ്വദേശിയായ യുവാവിനെ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി ഇയാൾ മർദിക്കുകയായിരുന്നു. സമാന കുറ്റകൃത്യം നേരത്തേയും പ്രതി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളിൽ നായക പരിവേഷം ലഭിക്കാനും ഗുണ്ടാസംഘങ്ങളുടെ ശ്രദ്ധയാകർഷിക്കാനുമാണ് രാഹുൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് മുൻപും സമാനമായ സംഭവങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസിനു മനസ്സിലായത്. ദൃശ്യങ്ങൾ പകർത്തിയ കൂട്ടാളിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മുൻപും ഇയാൾ ദൃശ്യങ്ങൾ പകർത്താൻ കൂടെയുണ്ടായതായാണ് പൊലീസിന്റെ നി​ഗമനം. 

രുനാഗപ്പള്ളി ബാറിനു സമീപത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ആലപ്പുഴ സ്വദേശിയായ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ വിവരം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിനെ അറിയിക്കുകയായിരുന്നു. തുടർന്നു കരുനാഗപ്പള്ളി പൊലീസ് മർദനമേറ്റ യുവാവിനെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു പ്രതികൾക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിക്കവേ രാഹുലിനെ തെന്മലയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. 

ഇയാളെ പൂയപ്പള്ളി പൊലീസ് 2017 ൽ കാപ്പ ചുമത്തി നാടുകടത്തിയതാണ്. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചിലേറെ ക്രിമിനൽ, പീഡനക്കേസുകളിലെ പ്രതിയാണ് രാഹുൽ. ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ അടിപിടിക്കേസുകളും നിലവിലുണ്ട്.  

ഈ വാർത്ത കൂടി വായിക്കൂ

വയോധിക കൊല്ലപ്പെട്ട നിലയില്‍, കാലില്‍ ഇഷ്ടിക കെട്ടിവെച്ച നിലയില്‍ കിണറ്റില്‍; അന്വേഷണം​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ